ഒന്ന് മുതല്‍ 50 വരെ എഴുതിയില്ല; നാലു വയസ്സുകാരിയെ പിതാവ് അടിച്ചുകൊന്നു

Update: 2026-01-24 10:50 GMT

ഛണ്ഡീഗഢ്: ഒന്ന് മുതല്‍ 50 വരെ എഴുതാത്തതിന് നാലു വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. കൃഷ്ണ ജെയ്‌സ്വാ(31)ളാണ് മകള്‍ വന്‍ഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ ഗ്രാമത്തിലാണ് സംഭവം.

യുപി സ്വദേശിയായ കൃഷ്ണ ജയ്‌സ്വാളും കുടുംബവും ഫരീദാബാദില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സ്വകാര്യ കമ്പനികളിലാണ് ഇയാളും ഭാര്യയും ജോലി ചെയ്യുന്നത്. ഭാര്യ ജോലിക്ക് പോവുമ്പോള്‍ ഇയാളാണ് വീട്ടിലെത്തി കുട്ടിയെ നോക്കിയിരുന്നത്. ഇവര്‍ നാല് വയസുകാരിയെ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ല. പിതാവ് തന്നെയാണ് മകളെ വീട്ടിലിരുത്തി പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതല്‍ 50 വരെ തെറ്റാതെ എഴുതാന്‍ ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിക്ക് അത് എഴുതാന്‍ സാധിക്കാതെ വന്നതോടെ ഇയാള്‍ക്ക് ദേഷ്യം വരികയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി തത്ക്ഷണം മരിച്ചു.

കുട്ടിയുടെ മാതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കട്ടിലില്‍ കുട്ടി മരിച്ച് കിടക്കുന്നത് കണ്ടത്. കളിക്കുന്നതിനിടെ കുട്ടി പടിക്കെട്ടില്‍ നിന്ന് വീണെന്നായിരുന്നു ഭാര്യയോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍ സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ ഏഴു വയസുള്ള മകന്‍ സഹോദരിയെ പിതാവ് മര്‍ദ്ദിക്കുന്നത് കണ്ടതായി മാതാവിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതോടെ യുവതി പോലിസിനെ വിവരമറിയിച്ചു. എന്നാല്‍ ഇയാള്‍ പോലിസിനോടും ഇത് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തതായും പോലിസ് അറിയിച്ചു.

Tags: