ആറു വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റേത് കൊലപാതകം; ബന്ധുക്കള്‍ പിടിയില്‍

Update: 2026-02-27 05:32 GMT

ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ നാലുവയസ്സുകാരന്റേത് കൊലപാകമാണെന്ന് തെളിഞ്ഞു. അമ്മാവന്‍ അനിലും അമ്മായി കൃഷ്ണയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയ്ക്ക് സമീപം കുഴിച്ചുമൂടുകയായിരുന്നു. കുടുംബപരമായ വൈരാഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്.

2020 ആഗസ്റ്റ് 16നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന്‍ പ്രിന്‍സിനെ കാണാതായത്. തുടര്‍ന്നു വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. 2021ല്‍ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയതോടെ അന്വേഷണം ഊര്‍ജിതമായി.

ആറുവര്‍ഷത്തിനിടെ ഏഴ് അന്വേഷണ ഉദ്യോഗസ്ഥരാണ് കേസ് കൈകാര്യം ചെയ്തത്. കേസ് വേഗത്തില്‍ തെളിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളെയടക്കം വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അമ്മാവനും അമ്മായിയും കുറ്റസമ്മതം നടത്തിയത്. കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കുന്നതിനായുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Tags: