കഫ് സിറപ്പ് ദുരന്തം: കോമയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു

Update: 2026-02-03 05:50 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് വീണ്ടും മരണം. കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോമയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു. ചിന്ദ്വാരയ്ക്ക് സമീപം ബെതുല്‍ സ്വദേശിയായ ഹര്‍ഷാണ് മരിച്ചത്. നാലു മാസത്തിലേറെയായി നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് ബെതുല്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സിഎംഎച്ച്ഒ) ഡോ. മനോജ് ഹുര്‍മഡെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിന്ദ്വാര ജില്ലയിലെ പരസിയയില്‍ 'കോള്‍ഡ്രിഫ്' എന്ന കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദി, പനി തുടങ്ങിയ അസ്വസ്ഥതകള്‍ കുട്ടികളില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 2025 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 24 കുട്ടികള്‍ മരിച്ചതായും, ഇവരില്‍ പലര്‍ക്കും വൃക്ക തകരാര്‍ സംഭവിച്ചതായും കണ്ടെത്തിയിരുന്നു.

കാഞ്ചീപുരം ആസ്ഥാനമായ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച 'കോള്‍ഡ്രിഫ്' സിറപ്പിന്റെ സാമ്പിളില്‍ 48.8 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിഷാംശം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ കഫ് സിറപ്പ് നിരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഉടമയെയും മരുന്ന് ശുപാര്‍ശ ചെയ്ത ഡോക്ടറെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: