ഇടുക്കിയില്‍ നാലു വയസുകാരനും മാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
പണിക്കന്‍കുടി സ്വദേശി പെരുമ്പള്ളികുന്നേല്‍ രഞ്ജിനി(30), മകന്‍ ആദിത്യന്‍(4) എന്നിവരാണ് മരിച്ചത്
ഇടുക്കി: ഇടുക്കി പണിക്കന്‍കുടിയില്‍ നാലു വയസുള്ള മകനെയും മാതാവിനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി സ്വദേശി പെരുമ്പള്ളികുന്നേല്‍ രഞ്ജിനി(30), മകന്‍ ആദിത്യന്‍(4)എന്നിവരാണ് മരിച്ചത്. മകനെ കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തതെന്നാണ് പോലിസിന്റെ നിഗമനം. തൂങ്ങിയ നിലയിലായിരുന്നു രഞ്ജിനിയുടെ മൃതദേഹം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് വെള്ളത്തൂവല്‍ പോലിസ് അന്വേഷണം തുടങ്ങി.
ജീവനൊടുക്കുകയാണെന്ന് രഞ്ജിനി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് വിവരം. മകന്‍ ആദിത്യനെ ജനല്‍ക്കമ്പിയില്‍ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ഭര്‍ത്താവ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അവശനിലയില്‍ കണ്ടെത്തിയ ആദിത്യനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.