ദൃശ്യ കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ നാല് പോലിസുകാരെ സ്ഥലം മാറ്റി

Update: 2026-01-24 12:52 GMT

കോഴിക്കോട്: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ നാല് പോലിസുകാരെ സ്ഥലം മാറ്റി. അന്ന് ജോലിയിലുണ്ടായിരുന്ന നാല് പോലിസുകാരെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്.

ഡിസംബര്‍ 29ന് രാത്രിയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിനീഷ് രക്ഷപ്പെട്ടത്. പ്രതിക്കായി പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെക്കുറിച്ച് ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു സിസിടിവിയിലും പതിയാതെ എങ്ങനെ ഇയാള്‍ നഗരം വിട്ടുപോയി എന്നതാണ് പോലിസിനെ കുഴക്കുന്നത്.

സെല്ലിലും ജയിലിലും പൊതുവേ അക്രമസ്വഭാവം കാണിക്കുന്ന സ്വഭാവക്കാരനാണ് വിനീഷെന്ന് അന്വേഷണസംഘം തന്നെ സമ്മതിക്കുന്നു. പിടിക്കപ്പെട്ടില്ലെങ്കില്‍ ദൃശ്യയുടെ അടുത്ത ബന്ധുക്കള്‍ക്കുപോലും ഭീഷണിയാണെന്ന് പോലിസ് റിപോര്‍ട്ടും നിലവിലുണ്ട്. ദൃശ്യയുടെ മാതാവും സഹോദരിയും താമസിക്കുന്ന സ്ഥലത്ത് പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പോലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, മഞ്ചേരി എന്നീ സ്റ്റേഷനുകളുടെ സഹായത്തോടെ വിനീഷിന്റെ വീട്, ബന്ധുവീടുകള്‍, ദൃശ്യയുടെ വീട്, സമീപവീടുകള്‍ എന്നിവിടങ്ങളിലെല്ലാം മഫ്തിയില്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇവിടങ്ങളിലൊന്നും വിനീഷ് എത്തിയില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യയെ(21) 2021ല്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിനീഷ് ജയിലിലായത്. പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷം വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍നിന്ന് ദൃശ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. റിമാന്‍ഡിലായ വിനീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. 2022ലും പ്രതി കുതിരവട്ടത്തുനിന്ന് ചാടിപ്പോയിരുന്നു. അന്ന് കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍നിന്ന് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.