ചാനല്‍ നൃത്തമത്സരത്തിനിടെ സീലിങ് പൊളിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്

Update: 2025-05-27 03:42 GMT

കൊച്ചി: ടിവി ചാനലിനായി സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെ സീലിങ് പൊളിഞ്ഞുവീണ് നാലു പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗര്‍ കമ്യൂണിറ്റി ഹാളില്‍ തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മധ്യഭാഗത്ത് സീലിങ്ങായ ജിപ്‌സം ബോര്‍ഡിന്റെ ഭാഗങ്ങള്‍ പൊളിഞ്ഞുവീഴുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹര്‍ നഗറിലെ ജവഹര്‍ ജുവല്‍ അപ്പാര്‍ട്‌മെന്റ്‌സിലെ ഷിജോയുടെ മകള്‍ ദക്ഷ (12), അമ്മ ചിത്ര, പുത്തന്‍കുരിശ് സ്വദേശി സുനില്‍കുമാറിന്റെ മകള്‍ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കുപരിക്കേറ്റ റിനെ മെഡിസിറ്റിയിലെ ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ ലക്ഷ്മി ഉണ്ണികൃഷ്ണന്‍ റിനെയില്‍ ചികിത്സയിലാണ്. ലക്ഷ്മിക്ക് തലയില്‍ ഏഴ് സ്റ്റാപ്ലിങ് സ്റ്റിച്ച് ഇട്ടു. നൃത്തപരിപാടിക്ക് കോര്‍പ്പറേഷന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മാലിനി കുറുപ്പ് പറഞ്ഞു.