വിഷം കഴിച്ച് പരീക്ഷണം; നാലു പെണ്‍കുട്ടികള്‍ മരിച്ചു

Update: 2026-02-14 06:17 GMT

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദ് ജില്ലയില്‍ അഞ്ചു പെണ്‍കുട്ടികള്‍ വിഷാംശമുള്ള പദാര്‍ഥം കഴിച്ചതിനെ തുടര്‍ന്ന് നാലു പേര്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. വിഷം കഴിച്ചാല്‍ മരിക്കുമോ ജീവിക്കുമോ എന്ന് പരിശോധിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായതെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലിസ് അറിയിച്ചു.

മോതി ബിഘ ഗ്രാമത്തിലാണ് സംഭവം. 12 മുതല്‍ 15 വയസ്സ് വരെയുള്ള പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വയലുകളില്‍ പക്ഷികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷപദാര്‍ഥം വെള്ളത്തില്‍ കലക്കി കുടിച്ചതായാണ് വിവരം. 'വിഷം കഴിച്ചാല്‍ എന്താകും സംഭവിക്കുക' എന്ന കൗതുകത്തോടെയാണ് ഇത് ചെയ്തതെന്ന് രക്ഷപ്പെട്ട 14കാരി മൊഴി നല്‍കി. താന്‍ അല്‍പ്പം മാത്രം കുടിച്ച് ഉടന്‍ തുപ്പിക്കളഞ്ഞതിനാലാണ് രക്ഷപ്പെട്ടതെന്നും കുട്ടി പറഞ്ഞു. നാലു സുഹൃത്തുക്കളും കുഴഞ്ഞുവീഴുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി വീട്ടിലേക്ക് ഓടി വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ വേപ്പില ചേര്‍ത്ത വെള്ളം കുടിപ്പിച്ച് ഛര്‍ദ്ദിപ്പിച്ചതോടെയാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. സംഭവത്തില്‍ ബിഹാര്‍ പോലിസ് അന്വേഷണം തുടരുകയാണ്.

Tags: