നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച് നാലുമരണം

Update: 2025-10-21 06:10 GMT

നവി മുംബൈ: നവിമുംബൈയില്‍ കെട്ടിടത്തിനു തീപിടിച്ച് നാലുമരണം. വാഷി സെക്ടര്‍ 14 ലെ രഹേജ റെസിഡന്‍സിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനുകാരണം. ആറുവയസുകാരി വേദിക സുന്ദര്‍ ബാലകൃഷ്ണനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കമല ഹിരാല്‍ ജെയിന്‍ (84), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണെന്നാണ് സൂചന. പരിക്കേറ്റ പത്തുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പത്താം നിലയില്‍ നിന്നാണ് തീ ആരംഭിച്ചത്. പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ 11, 12 നിലകളെ തീപിടിത്തം ബാധിച്ചു.

തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡിലുണ്ടായ തീപിടുത്തത്തില്‍ 15 വയസുള്ള ഒരു ആണ്‍കുട്ടി മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ, മുംബൈയിലെ കോസ്റ്റല്‍ റോഡില്‍ ഒരു കാറിന് തീപിടിക്കുകയും കാണ്ടിവാലിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. വര്‍ധിച്ചുവരുന്ന അപകടങ്ങളെ തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഗ്യാസ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ താമസക്കാരോട് അഭ്യര്‍ഥിച്ചു.

Tags: