കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ നാല് ബസുകള്‍ കത്തി നശിച്ചു

ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്

Update: 2026-02-06 12:09 GMT

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ടീമായ ഭദ്രയുടെ ബസുകളാണ് കത്തിയത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. വിമാനത്താവളം റോഡിനു സമീപം ഒഴിഞ്ഞ സ്ഥലത്താണ് വിമാനത്താവള സ്റ്റാഫുകള്‍ക്കായി സര്‍വീസ് നടത്തിയിരുന്ന ഭദ്ര കമ്പനിയുടെ ബസുകള്‍ നിര്‍ത്തിയിട്ടിരുന്നത്. നിലവില്‍ സര്‍വീസ് നടത്താത്ത കഴിഞ്ഞ ആറു വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചതെന്നാണ് വിവരം.

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഫയര്‍ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്‌നിശമനാ യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീ പൂര്‍ണാമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ആളപായമില്ല. ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു.