മഞ്ചേശ്വരത്ത് കന്നുകാലികളെ ഇറക്കിയവരെ അക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് ലോറിയില്‍ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കെ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കുഞ്ചത്തൂരിലെ അനില്‍കുമാര്‍(23), പെര്‍മുദയിലെ ഭരത് രാജ്(19), ഇച്ചിലങ്കോട്ടെ ഭരത്(19), രക്ഷിത്(21) എന്നിവരെയാണ് മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്. അക്രമികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ സ്ഥലത്തുനിന്ന് കണ്ടെടുത്തതോടെയാണ് സംഘത്തെ വേഗത്തില്‍ പിടികൂടിയത്. ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.
മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്തു കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കുമ്പോള്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയാണ് സംഘം ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ചത്. ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ ഇരുമ്പുവടി കൊണ്ട് അക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശികളും പാലക്കാട്ട് താമസിക്കുന്നവരുമായ ഫുര്‍ക്കാന്‍(47), ദാവൂദ്(28) എന്നിവരെ ഇന്ന് പുലര്‍ച്ചെയാണ് അക്രമിച്ചത്. പരിക്കേറ്റവരെ എകെഎം അഷ്‌റഫ് എംഎല്‍എ ആശുപത്രിയിലെത്തി കണ്ടിരുന്നു. പ്രതികള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു.