നാലര പതിറ്റാണ്ട് പഴക്കമുള്ള അതിര്‍ത്തി തര്‍ക്കത്തിലെ ദേഷ്യം അണപൊട്ടി; വയോധികനെ മര്‍ദ്ദനമേറ്റു
കോഴിക്കോട്: തച്ചംപൊയിലില്‍ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വയോധികന് മര്‍ദനമേറ്റു. പുളിയാറ ചാലില്‍ മൊയ്ദീന്‍ കോയ എന്ന 72കാരനാണ് മര്‍ദ്ദനമേറ്റത്. ഇന്നുരാവിലെ 9.30ഓടെയായിരുന്നു സംഭവം. പണ്ട് മൊയ്ദീന്‍ കോയയുടെ അയല്‍വാസിയായിരുന്ന അസീസ് ഹാജിയാണ് മര്‍ദ്ദിച്ചത്. ഇരുവരും തമ്മില്‍ 45 വര്‍ഷം മുമ്പ് അതിര്‍ത്തിതര്‍ക്കമുണ്ടായിരുന്നു. അന്ന് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. പിന്നീട് അസീസ് ഹാജി താമസം മാറിപ്പോയി. എന്നാല്‍, ഇന്നു രാവിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം മൊയ്ദീന്‍ കോയ അസീസ് ഹാജിയുടെ വളപ്പിലെത്തി.
മൊയ്ദീന്‍ കോയ സംഘത്തിലുണ്ടെന്ന് അറിഞ്ഞ അസീസ് ഹാജി, തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്ദീന്‍കോയയെ തന്റെ പറമ്പില്‍ കയറ്റരുത് എന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് മൊയ്ദീന്‍ കോയയെ മറ്റൊരു ജോലി സ്ഥലത്തേക്ക് അയച്ചു. അവിടേക്ക് പോവും വഴി റോഡില്‍ വച്ചാണ് അസീസ് ഹാജി മൊയ്ദീന്‍ കോയയെ മര്‍ദ്ദിച്ചത്. വടി കൊണ്ടും അടിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ മറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ അസീസ് ഹാജിയെ പിടിച്ചു മാറ്റി. പിന്നീട് വീട്ടുകാര്‍ എത്തി മൊയ്തീന്‍കോയയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
