മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഇന്ന്
രാഹുലും പ്രിയങ്കയും എത്തും
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഇന്ന് നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് തറക്കലിടല്‍ നിര്‍വഹിക്കുക. വയനാട് കുന്നമ്പറ്റയില്‍ ഏറ്റെടുത്ത ഭൂമിയില്‍ ആദ്യഘട്ടത്തില്‍ 60 വീടുകളാണ് ഒരുങ്ങുന്നത്. ശേഷം സമീപത്തായി മറ്റൊരു സ്ഥലത്ത് 40 വീടുകള്‍ കൂടി നിര്‍മിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന ചടങ്ങില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
1,041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയുമാണ് കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്നത്. പേരാവൂരില്‍ കര്‍ഷക സംഘടന നേതാക്കളുമായും കര്‍ഷകരുമായുള്ള സംവാദത്തിനുശേഷമായിരിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോവുക. രാവിലെ 11 മണിക്ക് പേരാവൂര്‍ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് പരിപാടി. രാവിലെ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ഗാന്ധി പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റേഡിയത്തില്‍ ഇറങ്ങും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
