ടിപ്പര്‍ ലോറി ഇടിച്ച് നാല്‍പ്പത്തിയഞ്ചുകാരന്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല്‍പ്പത്തിയഞ്ചുകാരന്‍ മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വെമ്പായം ചാത്തമ്പാട്ടില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഭാര്യ നസീഹയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കുടുംബ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ലോറിക്കടിയിലേക്ക് തെറിച്ചുവീണ റഹീം സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഭാര്യയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.