ഉത്തരാഖണ്ഡ് മുൻമന്ത്രിയുടെ മരുമകളും സൗന്ദര്യമത്സര ജേതാവുമായ അനുകൃതി കോൺഗ്രസ് വിട്ടു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വനംവകുപ്പ് മുന്‍മന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും സൗന്ദര്യമത്സര ജേതാവുമായ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസ് വിട്ടു.ശനിയാഴ്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന് ഇക്കാര്യം വ്യക്തമാക്കി അനുകൃതി രാജിക്കത്ത് അയച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് അവര്‍ കത്തില്‍ വ്യക്തമാക്കുന്നത്.
ഹരക് സിങ് വനം മന്ത്രിയായിരിക്കെ കോര്‍ബറ്റ് കടുവാ സങ്കേതത്തില്‍ നടത്തിയ അനധികൃത മരം മുറിക്കലും നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് സുപ്രിം കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഗുസൈന്റെ രാജി.
2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹരക് സിങ് റാവത്തിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുഷ്‌കര്‍ സിങ് ധാമി മന്ത്രിസഭയില്‍ നിന്നും ബിജെപിയില്‍നിന്നും പുറത്താക്കിയിരുന്നു.തുടര്‍ന്ന് അദ്ദേഹം അനുകൃതി ഗുസൈനോടൊപ്പം കോണ്‍ഗ്രസിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെ നടന്ന 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അനുകൃതി ലാന്‍സ്ഡൗണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ പട്ടം നേടിയത് അനുകൃതിയായിരുന്നു.
