കൊല്‍ക്കത്ത: കേന്ദ്രറെയില്‍വേ മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ്(71)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകന്‍ ശുഭ്രാംശു റോയിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ദീര്‍ഘകാലമായി മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും മൂലം ചികില്‍സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു മുകുള്‍ റോയ്. പാര്‍ട്ടിയുടെ ആദ്യകാല ജനറല്‍ സെക്രട്ടറിയായും മമതയുടെ വിശ്വസ്തനായും അദ്ദേഹം അറിയപ്പെട്ടു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലിലെത്തിയ മുകുള്‍ റോയ് 2006ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2012 വരെ പാര്‍ട്ടിയുടെ രാജ്യസഭയിലെ തലവന്‍ കൂടിയായിരുന്നു മുകുള്‍ റോയ്. രണ്ടാം യുപിഎ മന്ത്രിസഭയില്‍ ദിനേഷ് ത്രിവേദിക്ക് ശേഷം 2012ല്‍ അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയായി ചുമതലയേറ്റു. അതിനുമുന്‍പ് കപ്പല്‍ ഗതാഗത മന്ത്രാലയത്തില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളിന്റെ അധികാരത്തിലെത്തിച്ച 2011ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് മുകുള്‍ റോയിയായിരുന്നു.
ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്നാണ് മുകുള്‍ റോയ് അറിയപ്പെട്ടിരുന്നത്. മമതയ്ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. എന്നാല്‍ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്, നാരദ സ്റ്റിങ് ഓപ്പറേഷന്‍ തുടങ്ങിയ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടതോടെ മുകുള്‍ റോയ് വിവാദ കഥാപാത്രമായി മാറി. പിന്നീട് 2017ല്‍ മമത ബാനര്‍ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് തൃണമൂല്‍ വിട്ട മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് 18 സീറ്റുകള്‍ നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഘടനാപാടവം വലിയ പങ്കുവഹിച്ചു. പിന്നാലെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ കൃഷ്ണനഗര്‍ ഉത്തര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തി.
എന്നാല്‍, ഈ കൂറുമാറ്റത്തെച്ചൊല്ലി ബിജെപി നിയമപോരാട്ടം നടത്തുകയും കഴിഞ്ഞ നവംബറില്‍ കൊല്‍ക്കത്ത ഹൈക്കോടതി അദ്ദേഹത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രിംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് മുകുള്‍ റോയിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടേയുള്ള പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

