സിയോള്‍: കൈക്കൂലി കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രഥമ വനിത കിം കിയോണ്‍ ഹിക്ക് കോടതി 20 മാസത്തെ തടവുശിക്ഷ വിധിച്ചു. യൂണിഫിക്കേഷന്‍ ചര്‍ച്ചില്‍ നിന്ന് അനധികൃതമായി ആനുകൂല്യങ്ങള്‍ സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 52കാരിയായ കിം കിയോണ്‍ ഹിക്കെതിരായ വിധി. തന്റെ സ്ഥാനവും സ്വാധീനവും ദുരുപയോഗം ചെയ്ത കിം കിയോണ്‍ ഹിയുടെ പ്രവര്‍ത്തനം ഭരണഘടനാപരമായ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ ബിസിനസുകാരിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും നിന്നായി ഏകദേശം രണ്ടു ലക്ഷം ഡോളറിലധികം മൂല്യമുള്ള കൈക്കൂലി സ്വീകരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.
അതേസമയം, ഓഹരി വില കൃത്രിമമായി നിയന്ത്രിച്ചുവെന്നതും തിരഞ്ഞെടുപ്പ് ഫണ്ട് നിയമങ്ങള്‍ ലംഘിച്ചുവെന്നതുമായ മറ്റു കേസുകളില്‍ കിം കിയോണ്‍ ഹിയെ കോടതി കുറ്റവിമുക്തയാക്കി. കിം കിയോണ്‍ ഹിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ യൂണ്‍ സുക് യോള്‍, 2024 ഡിസംബറില്‍ പ്രഖ്യാപിച്ച പട്ടാളനിയമവുമായി ബന്ധപ്പെട്ട കേസുകളില്‍ നിലവില്‍ ജയിലിലാണ്. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റും അദ്ദേഹത്തിന്റെ പങ്കാളിയും ഒരേകാലയളവില്‍ ശിക്ഷിക്കപ്പെടുന്നത്.