കൈക്കൂലി കേസില്‍ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്
വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടത് 30,000 രൂപ
പത്തനംതിട്ട: കൈക്കൂലി കേസില്‍ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്. വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് പന്തളം നഗരസഭയിലെ മുന്‍ റവന്യു ഇന്‍സ്പക്ടര്‍ പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെ കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി പന്തളം സ്വദേശിയോട് 30,000 രൂപ കൈക്കുലി ആവശ്യപ്പെട്ട റെജി ജോര്‍ജ് 2,000 രൂപ കൈപ്പറ്റി എന്നായിരുന്നു കേസ്. രണ്ട് വകുപ്പുകളിലായി ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി എസ് മോഹിതാണ് വിധി പ്രസ്താവിച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പന്തളം സ്വദേശി തനിക്ക് ലഭിച്ച കുടുംബസ്വത്തില്‍ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മുന്‍സിപാലിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെങ്കില്‍ 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് റെജി ജോര്‍ജ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരന്റെ കയ്യില്‍ നിന്നും 2,000 രൂപ വാങ്ങുമ്പോള്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് റെജിയെ കസ്റ്റഡിയിലെടുക്കുകുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് മുന്‍ ഡിവൈഎസ്പിയായ പി ഡി ശശിയാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു രാജന്‍ ഹാജരായി.
