ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പീഡിപ്പിച്ച മുന്‍ പ്രിന്‍സിപ്പല്‍ക്കും അധ്യാപകനും അഞ്ചുവര്‍ഷം കഠിനതടവ്

Update: 2025-12-20 07:59 GMT

മുംബൈ: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പീഡിപ്പിച്ച മുന്‍ പ്രിന്‍സിപ്പല്‍ക്കും അധ്യാപകനും അഞ്ച് വര്‍ഷം കഠിനതടവ്. മുംബൈ പ്രാക്‌സോ കോടതിയുടേതാണ് വിധി. ബധിരര്‍ക്കും അഫാസിക് വിഭാഗക്കാര്‍ക്കുമുള്ള സ്പെഷ്യല്‍ സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ലോര്‍ഡു പാപ്പി ഗേഡ് റെഡ്ഡി (62), സ്‌കൂളിലെ അധ്യാപകന്‍ ദത്ത്കുമാര്‍ ഭാസ്‌കര്‍ പാട്ടീല്‍ (61) എന്നിവരെയാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ (പോക്സോ) സെക്ഷന്‍ 10, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എന്നിവ പ്രകാരം കോടതി ശിക്ഷിച്ചത്.

'സ്‌കൂള്‍ ഒരു പുണ്യ സ്ഥാപനമാണ്. കുട്ടികള്‍ അധ്യാപകരെ വിശ്വസിക്കുകയും അവരെ ജീവിതത്തിലേക്കുള്ള വഴികാട്ടിയായി കണക്കാക്കുകയും ചെയ്യുന്നു. ഈ വിശ്വാസം വഞ്ചിക്കപ്പെടുകയും ദൈവതുല്യനായ വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്താല്‍, ഇരകള്‍ ജീവിതകാലം മുഴുവന്‍ ഒരു ആഘാതം ഏറ്റുവാങ്ങേണ്ടിവരുമെന്നതില്‍ സംശയമില്ല', കോടതി പറഞ്ഞു.പ്രതികള്‍ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്യുകയും കുട്ടികളുടെ ശാരീരിക വൈകല്യം അനാവശ്യമായി മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി.

2013 നും 2014 നുമാണ് കേസിനാസ്പദമായ സംഭവം. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും അതേസമയം അധ്യാപകന്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തുവെന്നമാണ് കേസ്.

അഞ്ചുവര്‍ഷത്തെ തടവിന് പുറമെ, ഓരോ കുറ്റവാളിക്കും 25,000 രൂപ പിഴയും കോടതി വിധിച്ചു. അതേസമയം, പിഴ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇര നഷ്ടപരിഹാര പദ്ധതി പ്രകാരം അധിക നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു.

Tags: