അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍മന്ത്രി വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ്
ഡ്രൈവറും സുഹൃത്തും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി എസ് ശിവകുമാറിന് വിജിലന്‍സിന്റെ ക്ലിന്‍ ചിറ്റ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരേ ആദായനികുതി വകുപ്പിന്റെ അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് വിജിലന്‍സ് റിപോര്‍ട്ട് നല്‍കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വി എസ് ശിവകുമാര്‍ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വി എസ് ശിവകുമാറിന്റെ ആസ്തിവകകളില്‍ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാര്‍ നേടിയെടുത്തുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇഡി കടന്നത്. 2020ല്‍ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
എന്നാല്‍ കേസില്‍ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃതസ്വത്തില്ലെന്നാണ് കണ്ടെത്തല്‍. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂ. പക്ഷേ ശിവകുമാറിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഒപ്പമുള്ളവര്‍ക്കില്ല. ഡ്രൈവറായിരുന്ന ഷൈജു ഹരന്‍, അടുപ്പക്കാരായ രാജേന്ദ്രന്‍, അഡ്വ ഹരികുമാര്‍ എന്നിവര്‍ക്ക് വരവില്‍ കൂടുതല്‍ സ്വത്തുണ്ടായെന്നാണ് കണ്ടെത്തല്‍. 2011 മെയ് 18 മുതല്‍ 2016 മെയ് 20വരേയുള്ള കാലഘട്ടത്തില്‍ ഓരോരുത്തരും ഉണ്ടാക്കിയ സ്വത്തിനെക്കുറിച്ചാണ് വിജിലന്‍സ് തിരുവനന്തപുരം റെയ്ഞ്ച് അന്വേഷിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനും ശിവകുമാറിന്റെ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്. രാജേന്ദ്രന്‍ ഭാരവാഹിയായിരുന്ന ഒരു സഹകരണ സംഘം തകര്‍ന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ശിവകുമാറിന്റെ വീടിന് മുന്നില്‍ ഉള്‍പ്പെടെ സമരം ചെയ്തിരുന്നു. ഡൈവറായിരുന്ന ഷൈജു ഹരന് ഉണ്ടായിരുന്ന വരുമാനം ആറു ലക്ഷം രൂപ. പക്ഷേ 26,82,196 രൂപയുടെ ആസ്തി വര്‍ധന.
നാലാം പ്രതിയും ശിവകുമാറിന്റെ സുഹൃത്തുമായ അഡ്വ ഹരികുമാറിന് വരുമാനം 32 ലക്ഷത്തി 75,128 രൂപ, പക്ഷേ അഞ്ചുവര്‍ഷത്തിനുളളില്‍ ആസ്തിയില്‍ 44 ലക്ഷത്തിന്റെ വര്‍ദ്ധനയുണ്ടായി. സര്‍ക്കാര്‍ ശമ്പളത്തില്‍ ഡ്രൈവറായിരുന്ന ഷൈജുവിന് പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. സര്‍ക്കാര്‍ അനുമതി തേടി. മറ്റു പ്രതികള്‍ വിജിലന്‍സ് പരിധിയില്‍ വരാത്തതിനാലാണ് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 2020 ഫെബ്രുവരിയിലാണ് ശിവകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. ഇഡിയും ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു.

