മുന്‍ മന്ത്രി ടി ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന്;ഇന്നത്തെ നിയമസഭ സമ്മേളനം ഒഴിവാക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍,സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇന്ന് രാവിലെ മഞ്ചേരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും

Update: 2022-06-29 03:59 GMT

മലപ്പുറം:മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ടി ശിവദാസ മേനോന്റെ സംസ്‌കാരം ഇന്ന്. രാവിലെ പത്തരയോടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.മന്ത്രിമാരും, എംഎല്‍എമാരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്നത്തെ നിയമസഭ സമ്മേളനം ഒഴിവാക്കി.

സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കക്ഷിഭേദമന്യേ വിവിധ നേതാക്കള്‍ രാവിലെ പോകുന്ന സാഹചര്യത്തിലാണ് ഇന്നത്തെ സമ്മേളനം ഒഴിവാക്കാന്‍ അടിയന്തരമായി ചേര്‍ന്ന കാര്യോപദേശക സമിതി തീരുമാനിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍,സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇന്ന് രാവിലെ മഞ്ചേരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും.

ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ശിവദാസ മേനോന്‍ അന്തരിച്ചത്.മൂന്ന് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ടി ശിവദാസ മേനോന്‍. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ ധന വകുപ്പും എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരിക്കെ 1987ല്‍ ആണ് ആദ്യമായി മലമ്പുഴയില്‍ നിന്ന് മല്‍സരിച്ചത്.91ല്‍ പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പായിരുന്നു ടി ശിവദാസ മേനോന്‍.

Tags:    

Similar News