തൊണ്ടിമുതല്‍ കേസ്; മുന്‍ മന്ത്രി ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവു ശിക്ഷ
ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകും
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ തിരുവനന്തപുരം എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവ്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്ന് വർഷം വരെയാണ് തടവുശിക്ഷ. 120 ബി പ്രകാരം ആറ് മാസം തടവ്, 201 പ്രകാരം മൂന്ന് വർഷം തടവ്, 193 പ്രകാരം മൂന്ന് വർഷം തടവ്, 465 പ്രകാരം രണ്ട് വർഷം തടവുശിക്ഷ- എന്നിങ്ങനെയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷയെല്ലാം ചേർത്ത് പരമാവധി മൂന്ന് വർഷം അനുഭവിച്ചാൽ മതി.
ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകും. രണ്ട് വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടാൽ ഒരു നിയമസഭാംഗം അയോഗ്യനാക്കപ്പെടും. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതല്‍ പുറത്തെടുത്ത് അതില്‍ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു അടിവസ്ത്രം. ഇതില്‍ കൃത്രിമത്വം നടത്തിയാല്‍ മേല്‍കോടതിയില്‍ അപ്പീലില്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് സെക്ഷന്‍ ക്ലര്‍ക്ക് ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തിയത്. അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡാണ് പ്രതിക്കു വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തൊറ്റു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ വി ശങ്കരനാരായണന്‍ അന്ന് ഉത്തരവിറക്കി. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.
കുഞ്ഞിരാമ മേനോനായിരുന്നു പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. പ്രതിയെ വെറുതേവിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിമുതലായി പോലിസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് കോടതി ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിടുകയായിരുന്നു. ഓസ്ട്രേലിയയിലേക്ക് കടന്ന ആന്‍ഡ്രൂഅവിടെ കൊലക്കേസില്‍ പെടുകയും തടവില്‍വച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോളാണ് സിബിഐക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലിസിന് കത്ത് നല്‍കി. തുടര്‍ന്നാണ് ആന്റണി രാജുവിനെതിരേ കേസെടുത്തത്.

