ഇസ്രായേലിന്റെ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ ഇഫാത്ത് തോമര്‍ യെറുഷാല്‍മി ജീവിച്ചിരിക്കുന്നെന്ന് റിപോര്‍ട്ട്
ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ തടങ്കലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെ, രാജി വച്ച ഇവരെ കാണാതാവുകയായിരുന്നു
ജറുസലേം: ഇസ്രായേലിന്റെ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ ഇഫാത്ത് തോമര്‍ യെറുഷാല്‍മി ജീവിച്ചിരിക്കുന്നെന്ന് റിപോര്‍ട്ട്. ഇസ്രായേലിലെ ഏറ്റവും വലിയ സൈനിക വിവാദങ്ങളില്‍ ഒന്നുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഇഫാത്ത് തോമര്‍ യെറുഷാല്‍മി. ദിവസങ്ങള്‍ക്ക് മുമ്പാണ് യെറുഷാല്‍മിയെ കാണാതാകുന്നത്. ആത്മഹത്യ കുറിപ്പ് എഴുതി വച്ചാണ് അവര്‍ നാടുവിട്ടത്. രാജിക്കു ശേഷമായിരുന്നു നാടുവിടല്‍.
ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ തടങ്കലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വിഡിയോ ലീക്കായതോടെയാണ് യെറുഷാല്‍മിക്ക് രാജി വക്കേണ്ടി വന്നത്. രഹസ്യവിവരങ്ങള്‍ ചോര്‍ത്തല്‍, തെറ്റായ മൊഴി നല്‍കല്‍, തടവുകാരന്റെ പീഡന കേസ് അന്വേഷിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ അവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇസ്രായേലില്‍ ഈ വിഷയം വിഡിയോ ലീക്ക് എന്ന പേരില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്തത് വിഡിയോയില്‍ ഫലസ്തീന്‍ തടവുകാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവമായാണ്. സൈന്യത്തിന്റെ വിശ്വാസ്യത തകര്‍ക്കപ്പെട്ട സംഭവമായും ഇസ്രായേല്‍ ഇതിനെ വിലയിരുത്തി.
ഇസ്രായേലിന്റെ ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായാണ് ഫലസ്തീന്‍ തടവുകാരന്‍ നേരിടേണ്ടി വന്ന ക്രൂരതയുടെ വിഡിയോ ചര്‍ച്ച ചെയ്യപ്പെട്ടത്. പലര്‍ക്കും ഇസ്രായേല്‍ തടങ്കലില്‍ അനുഭവിക്കേണ്ടി വരുന്നത് സഹിക്കാനാവാത്ത പീഡനമുറകളാണ്. പല ആളുകള്‍ക്കും ഇവിടെ ചികില്‍സാസഹായം പോലും നിഷേധിക്കപ്പെടുന്നുണ്ട്. ഉറങ്ങാന്‍ പോലും അനുവാദിക്കാത്ത ക്രൂരതകള്‍ ക്യാംപുകളില്‍ ഇവര്‍ അനുഭവിക്കുന്നു. പലപ്പോഴായി മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരേ പ്രതികരിച്ചിട്ടും ഇസ്രായേല്‍ തങ്ങളുടെ ക്രൂരതകള്‍ നിര്‍ബാധം തുടരുകയാണ്.
