എംഎൽഎ സ്ഥാനവും രാജിവച്ച്‌ മനോഹർ ലാൽ ഖട്ടർ

Update: 2024-03-13 14:43 GMT

ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. കര്‍ണാല്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം. അവസാന ശ്വാസം വരെ ഹരിയാനയിലെ ജനങ്ങളെ സേവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി മണ്ഡലത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ നയാബ് സെയ്‌നി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ചയാണ് മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവച്ചത്. സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ഗവര്‍ണര്‍ക്ക് രാജിസമര്‍പ്പിക്കുകയായിരുന്നു. ലോക്‌സഭാ സീറ്റിനെ ചൊല്ലി ബിജെപിയും ജന്‍നായക് ജനതാ പാര്‍ട്ടിയും (ജെജെപി) തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് ഖട്ടറിന്റെ രാജി. രണ്ട് സീറ്റ് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി തള്ളിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെജെപിയുടെ ആവശ്യം. എന്നാല്‍, സിറ്റിങ് സീറ്റുകള്‍ വിട്ടുതരില്ലെന്ന് ബിജെപി വ്യക്തമാക്കിയതോടെ ഒറ്റക്ക് മത്സരിക്കുമെന്ന് ജെജെപി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളില്‍ മത്സരിച്ച അവര്‍ 4.9 ശതമാനം വോട്ട് നേടിയിരുന്നു.

Tags: