തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എം മുരളി (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചെന്നിത്തല ചെറുകോല്‍ സ്വദേശിയാണ് ഇദ്ദേഹം. 20 വര്‍ഷം മാവേലിക്കര എംഎല്‍എ ആയിരുന്നു.
പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വച്ച് രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍.
കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. 1972 മുതല്‍ 1977 വരെ കെഎസ്യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു മുരളി. 1978 ല്‍ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1979ല്‍ ജനറല്‍ സെക്രട്ടറിയും 1980ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റും ആയി. 1991ല്‍ മാവേലിക്കര സീറ്റില്‍ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെയാണ് മുരളി പരാജയപ്പെടുത്തിയത്. 2011വരെ മാവേലിക്കര എംഎല്‍എ ആയിരുന്നു.