ബാലഗോകുലം ശോഭായാത്ര ഉദ്ഘാടകയായി മുന്‍ കോണ്‍ഗ്രസ് നേതാവ്

ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബു അടക്കം ഒട്ടേറെ സംഘപരിവാര്‍ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടകയായത്

Update: 2022-08-19 05:59 GMT
പറവൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പറവൂരില്‍ സംഘടിപ്പിച്ച ശോഭായാത്രയുടെ ഉദ്ഘാടകയായി മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍പേഴ്‌സനുമായ വല്‍സല പ്രസന്നകുമാര്‍ എത്തിയത് വിവാദത്തില്‍.ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബു അടക്കം ഒട്ടേറെ സംഘപരിവാര്‍ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടകയായത്.

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലത്തില്‍ നടന്ന ശോഭായാത്രയുടെ ഉദ്ഘാടനത്തിനാണ് വല്‍സല എത്തിയത്.കോഴിക്കോട് മേയര്‍ ബിന്ദു ഫിലിപ്പ് കഴിഞ്ഞാഴ്ച ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ സിപിഎമ്മിനെതിരേ ശക്തമായ പ്രതിഷേധവുമായി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് വല്‍സല ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പങ്കെടുത്തത്.

കെപിസിസി ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്ന വല്‍സല 10 വര്‍ഷം നഗരസഭാധ്യക്ഷയായിരുന്നു. ഇവര്‍ എ വിഭാഗത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവരാണ്. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുമായും പൊതുരംഗവുമായി അകന്നു കഴിയുകയാണ് ഇവര്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ സഹായം അഭ്യര്‍ഥിച്ച് സതീശന്‍, തന്നെ സമീപിച്ചിരുന്നു എന്ന ആര്‍ വി ബാബുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ എഐസിസി അംഗം ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദങ്ങള്‍ക്ക് കാരണമായേക്കും.