ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാരം ഇന്ന് നടക്കും

Update: 2025-12-31 05:41 GMT

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാരം ഇന്ന് നടക്കും. തലസ്ഥാനമായ ധാക്കയില്‍ വച്ചാണ് ചടങ്ങ്. സംസ്‌കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിന് ശേഷമാണ് നടക്കുക. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉള്‍പ്പെടെ, ലോകമെമ്പാടുമുള്ള പ്രമുഖര്‍, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ദീര്‍ഘനാളായി അസുഖബാധിതയായിരുന്ന 80 വയസ്സുകാരി ഖാലിദ സിയ ഇന്നലെയാണ് അന്തരിച്ചത്.

ഷേര്‍-ഇ-ബംഗ്ല നഗറിലെ സിയ ഉദ്യാനില്‍ ഭര്‍ത്താവും മുന്‍ ബംഗ്ലാദേശ് പ്രസിഡന്റും ബിഎന്‍പി സ്ഥാപകനുമായ സിയാവുര്‍ റഹ്‌മാന്റെ അരികിലായിരിക്കും ഖാലിദ സിയയെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുക.

ഖാലിദ സിയയുടെ നിര്യാണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്ന് ദിവസത്തെ ദുഃഖാചരണ കാലയളവില്‍ ധാക്ക മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ പടക്കം പൊട്ടിക്കാനോ കരിമരുന്ന് പ്രയോഗിക്കാനോ അനുവാദമുണ്ടായിരിക്കില്ല.

Tags: