രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മുന്‍ എബിവിപി നേതാവ് നടത്തിയ വിവാദ പരാമര്‍ശം; അമിത്ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

Update: 2025-09-29 05:54 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മുന്‍ എബിവിപി നേതാവ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംഭവത്തില്‍ വേഗത്തില്‍ നടപടിയെടുക്കാത്തത് പ്രതിപക്ഷ നേതാവിനെതിരായ അക്രമത്തിന് കൂട്ടുനില്‍ക്കുന്നതും സംഭവത്തെ സാധാരണ നിലയിലാക്കുന്നതുമായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മലയാള ചാനലിലെ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരേ സംസാരിച്ചത്. ബംഗ്ലാദേശിലേതുപോലുള്ള പ്രതിഷേധം ഇന്ത്യയില്‍ ഉണ്ടായാല്‍ രാഹുല്‍ ഗാന്ധിയെ വെടിവച്ചുകൊല്ലുമെന്നായിരുന്നു ഒരു ടിവി ചര്‍ച്ചയില്‍ ഇയാള്‍ പറഞ്ഞത്.

ഇത് കേവലം ഒരു നാക്ക് പിഴയല്ലെന്നും തീര്‍ത്തും പ്രതിപക്ഷ നേതാവിനെതിരായ വധഭീഷണി തന്നെയാണെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയുടെ ഔദ്യോഗിക വക്താവ് നടത്തുന്ന ഇത്തരം വിഷലിപ്തമായ വാക്കുകള്‍ രാഹുല്‍ ഗാന്ധിയുടെ ജീവന്‍ അപകടത്തിലാക്കുക മാത്രമല്ല, ഭരണഘടനയെയും നിയമവാഴ്ചയെയും ഓരോ പൗരനും നല്‍കേണ്ട അടിസ്ഥാന സുരക്ഷാ ഉറപ്പുകളെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരായ പരസ്യമായി വധഭീഷണി പുറപ്പെടുവിക്കാന്‍ ബിജെപിയുടെ ഒരു വക്താവ് ധൈര്യപ്പെട്ടത് ആശങ്കാജനകമാണെന്ന് മാത്രമല്ല, അത്യന്തം അപലപനീയവുമാണെന്നും വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ പൊതുജീവിതത്തെ വിഷലിപ്തമാക്കുന്ന ക്രിമിനല്‍ ഭീഷണി, വധഭീഷണി, അക്രമം എന്നിവ നിങ്ങള്‍ പരസ്യമായി അംഗീകരിക്കുന്നുണ്ടോ എന്നും വേണുഗോപാല്‍ ചോദിച്ചു.

Tags: