ഇടുക്കി: മൂന്നാര്‍ മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഈരാറ്റുപേട്ട സ്വദേശികളുടെ കാര്‍ കാട്ടാന തകര്‍ത്തു. പടയപ്പയാണ് കാര്‍ ആക്രമിച്ചതെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ്സാണ് ആന ആദ്യം ആക്രമിച്ചത്. ബസ്സിന്റെ ഒരു വശത്തെ ചില്ലുകള്‍ തകര്‍ത്തു. തുടര്‍ന്ന് റോഡില്‍ കൂടി വന്ന എസ്‌യുവിയെ ആന തടഞ്ഞു. വാഹനം നിര്‍ത്തി യാത്രക്കാര്‍ അകത്തു തന്നെ തുടര്‍ന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന കാറിന്റെ മുന്‍ഭാഗം തകര്‍ക്കുകയും മുകള്‍ഭാഗത്തും ബോണറ്റിലും പൊട്ടല്‍ വരുത്തുകയും ചെയ്തു. വനം വകുപ്പ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും ആന പ്രദേശത്ത് നിന്ന് മാറിയിരുന്നു. കേടുപാടുകള്‍ സംഭവിച്ച കാര്‍ അടുത്തുള്ള ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടിയും പടയപ്പയെ നിരീക്ഷിച്ച് വരുന്നുണ്ട്.