എന്‍ജിന്‍ തകരാര്‍; വിഴിഞ്ഞം തുറമുഖത്ത് വിദേശ കപ്പലിന് നിയന്ത്രണം നഷ്ടമായി

Update: 2025-10-30 06:00 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ വിദേശ കപ്പല്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു ആഴക്കടലിലേക്ക് ഒഴുകിപ്പോയതായി റിപോര്‍ട്ട്. കൊളംബോയില്‍ നിന്ന് ചരക്കുകളുമായി എത്തിയ എംവി-കൈമിയ ll എന്ന കപ്പലാണ് ഒഴുകിപോയത്.

ഒക്ടോബര്‍ 27നു രാത്രി തുറമുഖത്ത് അടുക്കാനായി കാത്തുനില്‍ക്കുന്നതിനിടെ കപ്പലിലെ മൂന്നു ജനറേറ്ററുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമായി. ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ അടുത്ത ദിവസം രാവിലെയോടെ പ്രധാന എന്‍ജിനും പൂര്‍ണമായി നിലച്ചതോടെ കപ്പല്‍ നിയന്ത്രണം വിട്ടു.

എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ശക്തമായ കടല്‍പ്രവാഹം കാരണം കപ്പലിനെ തുറമുഖ പരിധിയില്‍ നിന്ന് തമിഴ്നാട്ടിലെ നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ആഴക്കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. സംഭവം അറിഞ്ഞതോടെ സാങ്കേതിക വിദഗ്ധര്‍ കപ്പലില്‍ കയറി തകരാറുകള്‍ ഭാഗികമായി പരിഹരിച്ചു.

തുടര്‍ന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ കപ്പലിനെ സുരക്ഷിതമായി തുറമുഖ ബെര്‍ത്തിലേക്ക് തിരിച്ചെത്തിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനറേറ്ററുകളും എന്‍ജിനും തകരാറിലാകാന്‍ കാരണമായ സാഹചര്യങ്ങള്‍ അന്വേഷണ പരിധിയില്‍വരുമെന്നാണ് വിവരം.

Tags: