കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. 41 പേരില്‍ നിന്നായി 33,80,000 രൂപയാണ് തട്ടിയെടുത്തത്. ഇടപ്പള്ളി നോര്‍ത്ത് ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്‌ളോറെന്‍സോ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നിസാമുദീനെ(50)യാണ് എളമക്കര പോലിസ് അറസ്റ്റ് ചെയ്തത്. എളമക്കര പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ മൂന്നു കേസുകളാണുള്ളത്. ഇയാളുടെ കൂട്ടാളിയായ യുവതിയെ കണ്ടെത്താനായി പോലിസ് അന്വേഷണം ആരംഭിച്ചു.
ഓസ്ട്രിയയിലെ വെയര്‍ ഹൗസില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പാലക്കാട് സ്വദേശിയില്‍നിന്നും സഹോദരനില്‍നിന്നും 2023 ജൂണ്‍ 10 മുതല്‍ 2025 സെപ്റ്റംബര്‍ ആറു വരെയുള്ള കാലയളവില്‍ നിസാമുദീന്‍ നേരിട്ടും ഗൂഗിള്‍ പേ വഴിയും 2,25,000 രൂപ തട്ടിയെടുത്തതിനാണ് ഇയാള്‍ക്കെതിരേ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തത്.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍നിന്ന് 2025 മാര്‍ച്ച് 19 മുതല്‍ 22 വരെയുളള കാലയളവില്‍ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേയിലൂടെയും ഒരു ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും ജോലി ലഭിക്കാതായതോടെ ഇദ്ദേഹം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
കിംസ് ആശുപത്രിയില്‍ മകന് നഴ്‌സിംഗ് അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് 1,40,000 രൂപ പണമായും പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേയിലൂടെയും 1,60,000 രൂപയും തട്ടിയെടുത്തു. അഡ്മിഷന്‍ ലഭിക്കാതെ വന്നതിനെത്തുടര്‍ന്നു പണം തിരികെ കൊടുക്കാതായതോടെയാണ് ഇദ്ദേഹവും പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായവര്‍ ഇനിയും പരാതിയുമായി എത്തുമെന്നാണ് പോലിസ് കരുതുന്നത്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
