വിദേശ നിക്ഷേപകര്‍ റെക്കോഡ് വില്‍പനയിലേക്ക്; ഈ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് 94,976 കോടി രൂപ പിന്‍വലിച്ചു

Update: 2025-12-28 06:22 GMT

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ റെക്കോഡ് തോതില്‍ വില്‍പന നടത്തിയതായി കണക്കുകള്‍. ഡിസംബര്‍ 26 വരെ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 94,976 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചതെന്ന് എന്‍എസ്ഡിഎല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 1,65,769 കോടി രൂപയുടെ ശുദ്ധ നിക്ഷേപമാണ് വിദേശികള്‍ നടത്തിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വൈകുന്നതിലെ അനിശ്ചിതത്വം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച, ഓഹരികളുടെ അമിത വിലനിലവാരം എന്നിവയാണ് വിദേശ നിക്ഷേപകരെ കൂട്ടവില്‍പനയിലേക്ക് നയിച്ചതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം 1,52,775 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വാങ്ങിയിരുന്ന വിദേശികള്‍ ഈ വര്‍ഷം 59,390 കോടി രൂപ മാത്രമാണ് ഈ മേഖലയില്‍ നിക്ഷേപിച്ചത്.

പ്രഥമ ഓഹരി വില്‍പനകളില്‍ (ഐപിഒ) 73,583 കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ടെങ്കിലും, ഈ വര്‍ഷത്തെ മൊത്തം ഓഹരി വില്‍പന 1,58,407 കോടി രൂപയാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം ആരംഭിച്ച ശേഷം ആദ്യമായാണ് വിദേശ നിക്ഷേപകര്‍ ഒരു വര്‍ഷം ഇത്ര വലിയ തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ചിലും (32,981 കോടി) മേയിലും (30,950 കോടി) ആണ് ഈ വര്‍ഷം വിദേശികള്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ വാങ്ങിയത്. എന്നാല്‍, പിന്നീട് വിപണിയില്‍ ശക്തമായ വില്‍പന സമ്മര്‍ദമാണ് ഉണ്ടായത്. ആഗസ്റ്റില്‍ 20,505 കോടി രൂപയും സെപ്റ്റംബറില്‍ 12,539 കോടി രൂപയും വിദേശികള്‍ പിന്‍വലിച്ചു. ജനുവരിയിലാണ് ഏറ്റവും വലിയ വില്‍പന രേഖപ്പെടുത്തിയത് 77,211 കോടി രൂപ. ഡിസംബറില്‍ ഇതുവരെ 29,494 കോടി രൂപയുടെ വില്‍പന നടന്നതായും എന്‍എസ്ഡിഎല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎസ് വ്യാപാര കരാറിലെ അനിശ്ചിതാവസ്ഥയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതെന്ന് ബില്ല്യന്‍സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ അഭിഷേക് ഗോയങ്ക പറഞ്ഞു. ഡോളറിനെതിരേ കുത്തനെ ഇടിഞ്ഞ ഇന്ത്യന്‍ രൂപ ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സികളിലൊന്നായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ദുര്‍ബല പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ഓഹരികള്‍ ആകര്‍ഷകമാകാന്‍ സാധ്യതയുണ്ടെങ്കിലും, രൂപയുടെ തുടര്‍ച്ചയായ ഇടിവ് വിദേശ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതായി ഗോയങ്ക മുന്നറിയിപ്പ് നല്‍കി.

Tags: