ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,000 കോടി; ആറു മാസത്തിനിടയിലെ ഏറ്റവും വലിയ പിന്‍വലിക്കല്‍

Update: 2025-09-01 05:27 GMT

ന്യൂഡല്‍ഹി: 2025 ആഗസ്റ്റില്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്ടിഐ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഏകദേശം 35,000 കോടി രൂപ (ഏകദേശം 4 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 34,993 കോടി രൂപ) പിന്‍വലിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ വിറ്റഴിക്കലാണിത്. ഫെബ്രുവരിയുടെ തുടക്കത്തില്‍, 34,574 കോടി വിറ്റഴിച്ചിരുന്നു.

ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് ഏര്‍പ്പെടുത്തിയ കനത്ത തീരുവകളും ഇന്ത്യയിലെ ഓഹരികളുടെ ഉയര്‍ന്ന വിലയുമാണ് ഇതിന് കാരണമെന്ന് വിപണി വിശകലന വിദഗ്ധര്‍ പറയുന്നു. ജൂലൈയില്‍ എഫ്പിഐകള്‍ 17,741 കോടി രൂപ പിന്‍വലിച്ചു. അതായത് ഓഗസ്റ്റിലെ വില്‍പ്പന ഏകദേശം ഇരട്ടിയായിരുന്നു. ഡെപ്പോസിറ്ററി ഡാറ്റ പ്രകാരം, 2025 ല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് ആകെ 1.3 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ചത്.

'ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് 50% വരെ തീരുവ ചുമത്തി, ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു. ഇത് ഇന്ത്യയുടെ ബിസിനസ് മത്സരക്ഷമതയെയും സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.'മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു പറയുന്നു.ജൂണ്‍ പാദത്തില്‍ ചില പ്രധാന മേഖലകളുടെ കോര്‍പ്പറേറ്റ് വരുമാനം പ്രതീക്ഷകള്‍ക്ക് താഴെയായിരുന്നുവെന്നും ഇത് നിക്ഷേപകരുടെ ആവേശം കൂടുതല്‍ തകര്‍ത്തെന്നും ഹിമാന്‍ഷു പറഞ്ഞു.

Tags: