ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക്‌ കേരളം ;13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി

Update: 2024-04-23 05:57 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നില്‍. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം.

ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങള്‍ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത് 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ്. കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.

കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഒപ്പം യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള മണ്ഡലങ്ങളിലേക്കുള്ള പോളിങ് 26ന് നടക്കും.

നാളെ ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തും. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ രാഹുല്‍ ഗാന്ധി എന്ന് പ്രചാരണം വീണ്ടും തുടങ്ങുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടില്ല.

Tags: