കായംകുളത്തും കൊട്ടാരക്കരയിലും സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധ;അന്വേഷണമാരംഭിച്ചു

കായംകുളത്ത് ടൗണ്‍ യുപി സ്‌കൂളിലെ 12 കുട്ടികളെയും കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയിലെ നാല് കുട്ടികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2022-06-04 09:47 GMT

കൊല്ലം: കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികള്‍ ആശുപത്രിയില്‍. കായംകുളത്ത് ടൗണ്‍ യുപി സ്‌കൂളിലെ 12 കുട്ടികളെയും കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയിലെ നാല് കുട്ടികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കായംകുളത്തെ സ്‌കൂളില്‍ വെള്ളിയാഴ്ച വിതരണംചെയ്ത ഉച്ചഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഒരു കുട്ടിയെ ഛര്‍ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സ്‌കൂളിലെ മറ്റുചില കുട്ടികളും സമാന ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.സംഭവത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയില്‍നിന്ന് ഭക്ഷണം കഴിച്ച നാലുകുട്ടികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ അങ്കണവാടിയില്‍നിന്ന് വീട്ടിലെത്തിയ കുട്ടികളെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ അങ്കണവാടിയില്‍നിന്ന് പുഴുവരിച്ചനിലയിലുള്ള അരി കണ്ടെത്തി. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അങ്കണവാടിയിലെത്തി പരിശോധന നടത്തി.നിലവില്‍ എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Tags:    

Similar News