ഭഷ്യവിഷബാധ; വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ
കൊല്ലം: നിലമേലില്‍ ഭഷ്യവിഷബാധ മൂലം രണ്ട് പേര്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെയെന്ന് റിപോര്‍ട്ട്. ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അനധികൃത കെട്ടിടത്തിലാണെന്നും ഹോട്ടലിന് ലൈസന്‍സ് ഇല്ലെന്നുമാണ് വിവരം.
വിഴിഞ്ഞം തീരത്ത് പ്രവര്‍ത്തിക്കുന്ന 14 ല്‍ 12 ഹോട്ടലുകള്‍ക്കും ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ല. സംഭവത്തിന് പിന്നാലെ ഹോട്ടലിലെ സാമ്പിളുകളും രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ മരണകാരണം ഭക്ഷ്യവിഷബാധ ആണെന്ന സംശയം ഉണ്ടെങ്കിലും മരുമകന്‍ ഷാജിയുടെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധന റിപോര്‍ട്ട് ലഭിക്കേണ്ടതുണ്ട്.
അതേസമയം, വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ കൂടി ചികില്‍സ തേടി. തിരുവനന്തപുരം സ്വദേശികളാണ് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയത്. മരിച്ച കൊല്ലം സ്വദേശികള്‍ ഭക്ഷണം കഴിച്ച അതേ ദിവസം ഇവരും പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങളില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തീരുമാനം.