സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; ഒരു വിദ്യാര്‍ഥിനി മരിച്ചു, നൂറിലധികം വിദ്യാര്‍ഥികള്‍ ചികില്‍സയില്‍
ഭുവനേശ്വര്‍: ഒഡീഷയിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിച്ചു. നൂറിലധികം വിദ്യാര്‍ഥികള്‍ അസുഖബാധിതരായി. മയൂര്‍ബഞ്ച് ജില്ലയിലെ ആദിവാസി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ഞായറാഴ്ച നല്‍കിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടു ദിവസം കഴിഞ്ഞാണ് വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
പഖാല (പുളിപ്പിച്ച അരി), ഉരുളക്കിഴങ്ങ്, മാമ്പഴ ചട്ണി എന്നിവയാണ് കുട്ടികള്‍ കഴിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതിന് പിന്നാലെ കുട്ടികള്‍ക്ക് അസുഖലക്ഷണങ്ങള്‍ പ്രകടമായതോടെ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 66 പേരെ പിആര്‍എം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റു 41 പേര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികില്‍സയിലാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ രൂപാലി ബെസ്രയെ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കുകയും സ്‌കൂളില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. മെനുവില്‍ ഉള്‍പ്പെടാത്ത ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഏഴു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.