നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ച് അപകടം; ഗായിക മരിച്ചു

പരിപാടി കഴിഞ്ഞ് പോകുന്നതിനിടേയാണ് വാഹനാപകടം

Update: 2026-02-21 06:55 GMT

കൊല്ലം: നാടന്‍പാട്ട് സംഘത്തിന്റെ പിക്കപ്പ് വാന്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഗായിക മരിച്ചു. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റേയും ഷീബയുടേയും മകള്‍ ലക്ഷ്മി(20)ആണ് മരിച്ചത്. എസ്എഫ്‌ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗമാണ് ലക്ഷ്മി.

ഇന്ന് രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പാതയിലെ സിനിമപറമ്പ് എന്ന പ്രദേശത്തുവെച്ചായിരുന്നു അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ലക്ഷ്മി ഉള്‍പ്പെട്ട മൈനാഗപ്പള്ളിയിലെ അഞ്ചംഗ സംഘം. ഇതിനിടെ പ്രദേശത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് നിഗമനം. സാരമായി പരിക്കേറ്റ ഒപ്പമുള്ള യുവാക്കളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.