ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടല്‍മഞ്ഞ് നഗരത്തില്‍ വ്യാപിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് റെഡ് അലേര്‍ട്ടായി ഉയര്‍ത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ ഈ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്. കാഴ്ചപരിധി കുത്തനെ കുറഞ്ഞത് വിമാന, റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും സഫ്ദര്‍ജംഗിലും തിങ്കളാഴ്ച രാവിലെ കാഴ്ചപരിധി 50 മീറ്ററായി താഴ്ന്നു. ഒന്‍പത് മണിയോടെ ഇത് 100 മീറ്ററായി നേരിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും വിമാന ഗതാഗതം താറുമാറായി. ഫ്‌ലൈറ്റ് റഡാര്‍ 24ന്റെ കണക്കനുസരിച്ച് കുറഞ്ഞത് 128 വിമാനങ്ങള്‍ റദ്ദാക്കുകയും എട്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.