തിരുവനന്തപുരം: കേരളത്തില്‍ ചില നദികളുമായി ബന്ധപ്പെട്ട് പ്രളയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ചും, കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ത വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും; കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി, കോന്നി എന്നീ സ്റ്റേഷനുകളിലും, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.