വ്യോമപാത അടച്ചതോടെ ബഹ്‌റയ്ന്‍ വിമാനത്താവളത്തിലെ വിമാനങ്ങള്‍ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ്

Update: 2026-03-11 11:22 GMT

മനാമ: ബഹ്‌റയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഗള്‍ഫ് എയര്‍ വിമാനങ്ങളും വിവിധ കാര്‍ഗോ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റിയതായി ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അറിയിച്ചു. അംഗീകൃത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ യാത്രക്കാരില്ലാത്ത വിമാനങ്ങളും ചരക്ക് വിമാനങ്ങളുമാണ് മാറ്റിയിരിക്കുന്നത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വരും ദിവസങ്ങളില്‍ സര്‍വീസുകള്‍ കാര്യക്ഷമമായി പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുമായും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുമായും കൃത്യമായ ഏകോപനം പുലര്‍ത്തിയാണ് വിമാനങ്ങള്‍ മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് വ്യക്തമാക്കി. ഇത്തരം അസാധാരണ സാഹചര്യങ്ങളില്‍ വിമാനങ്ങളുടെ സുരക്ഷയും ഭാവിയിലെ പ്രവര്‍ത്തന പദ്ധതികളും മുന്‍നിര്‍ത്തി വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് മാറ്റിയിടുന്നത് ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയിലെ സാധാരണ നടപടിക്രമമാണെന്നും അധികൃതര്‍ അറിയിച്ചു.

ബഹ്‌റയ്ന്‍ വ്യോമപാത നിലവില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഗള്‍ഫ് എയര്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യോമപാത തുറക്കുന്നതിനെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സിന്റെ അടുത്ത അറിയിപ്പ് ലഭിക്കുന്നതോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags: