വിമാന ടിക്കറ്റ് റദ്ദാക്കല്‍ ഇനി എളുപ്പം; 48 മണിക്കൂറിനകം പൂര്‍ണ റീഫണ്ട് ലഭിക്കും
ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ ആകര്‍ഷിക്കുന്ന പുതിയ പരിഷ്‌കാരവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നോട്ട്. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ തന്നെ റദ്ദാക്കുകയോ യാത്രാ സമയം മാറ്റുകയോ ചെയ്യാനുള്ള സൗകര്യം കൊണ്ടുവരാന്‍ ഡിജിസിഎ തയ്യാറെടുക്കുകയാണ്. ടിക്കറ്റ് റീഫണ്ട്, കാന്‍സലേഷന്‍ ചട്ടങ്ങള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിഷ്‌കാരത്തിന്റെ കരടുരൂപം തയ്യാറായിട്ടുണ്ടെന്നും ഉടന്‍ നടപ്പിലാക്കുമെന്നും അധികാരികള്‍ അറിയിച്ചു.
പുതിയ നിയമപ്രകാരം, ടിക്കറ്റിന്റെ പൂര്‍ണ്ണ തുക തിരികെ ലഭിക്കുന്ന സൗകര്യം എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ക്കായി ബുക്കിങ്ങ് വിമാനയാത്രയ്ക്കു കുറഞ്ഞത് അഞ്ചുദിവസം മുന്‍പും, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി പതിനഞ്ച് ദിവസം മുന്‍പും നടത്തണം. ഈ സമയപരിധിക്ക് ശേഷമുള്ള ബുക്കിങ്ങുകള്‍ക്ക് നിലവിലെ പോലെ കാന്‍സലേഷന്‍ ചാര്‍ജ് ബാധകമായിരിക്കും. ഡിജിസിഎയുടെ ഈ നീക്കം വിമാനയാത്ര കൂടുതല്‍ യാത്രാസൗഹൃദമാക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
