ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ഇന്നും റദ്ദാക്കും. വിവിധ വിമാനത്താവളങ്ങളില്‍ ബുക്ക് ചെയ്ത യാത്രകള്‍ അവസാന നിമിഷം റദ്ദാകുന്നതോടെ യാത്രക്കാര്‍ ഗുരുതര ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് സര്‍വീസ് റദ്ദാക്കിയ വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ശക്തമായി പ്രതിഷേധിച്ചു. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. സര്‍വീസുകള്‍ ഇനിയും കുറയ്‌ക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇന്‍ഡിഗോ നല്‍കിയിട്ടുണ്ട്. സാധാരണ നിലയിലേക്ക് മടങ്ങാന്‍ കുറഞ്ഞത് രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാര്‍ നേരിടുന്ന അസൗകര്യത്തില്‍ ഖേദവും പ്രകടിപ്പിച്ചു.
ഇന്നലെ മാത്രം 550ലധികം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. 20 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും വലിയ റദ്ദാക്കല്‍ ആദ്യമായാണ്. പ്രതിദിനം ശരാശരി 2,300 വിമാനങ്ങളാണ് കമ്പനി സര്‍വീസ് നടത്തുന്നത്. ഇതില്‍ വെറും 19.7 ശതമാനം സര്‍വീസുകള്‍ മാത്രമാണ് ബുധനാഴ്ച സമയത്ത് പുറപ്പെട്ടത്. ചൊവ്വാഴ്ച ഉണ്ടായിരുന്ന 35 ശതമാനത്തില്‍ നിന്ന് ഇത് കുത്തനെ താഴ്ന്നു. പ്രശ്‌നപരിഹാരത്തിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡിജിസിഎയും ഇന്‍ഡിഗോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അടിയന്തര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ നിര്‍ദേശിച്ച ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ ചട്ടങ്ങള്‍ പൂര്‍ണമായി നടപ്പാക്കാത്തതണ് സര്‍വീസ് താളം തെറ്റാനുള്ള പ്രധാന കാരണം. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ പല സ്ഥലങ്ങളിലും മണിക്കൂറുകളോളം കുടുങ്ങി വലയേണ്ടിവന്നു. കോഴിക്കോടേക്കുള്ള യാത്രക്കാര്‍ ബെംഗളൂരു വിമാനത്താവളത്തില്‍ 11 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നു. തിരുവനന്തപുരം കൊച്ചി റൂട്ടുകളിലും അഞ്ചു മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഡിസംബര്‍ 8 മുതല്‍ ഇന്‍ഡിഗോ സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും. ഇതോടെ ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്ത് യാത്രാക്ലേശം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. കൂടാതെ വിമാന നിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
രാത്രി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടത്തില്‍ ഫെബ്രുവരി വരെ ഇളവ് നല്‍കണമെന്ന് കമ്പനി ഡിജിസിഎയോട് ആവശ്യപ്പെട്ടു. ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ ഇളവ് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായാണ് വിവരം.
