ഡെറാഡൂണ്‍: ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തില്‍ ഉണ്ടായ പ്രളയത്തില്‍ നാലുമരണം സ്ഥിരീകരിച്ചു. 50 പേരെ കാണാനില്ലെന്നാണ് റിപോര്‍ട്ടുകള്‍. കുറേയധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുകയാണെന്നാണ് വിവരം. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍, രാത്രിയില്‍ തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച എല്ലാ സ്‌കൂളുകളും അംഗന്‍വാടി കേന്ദ്രങ്ങളും അടച്ചിട്ടിരുന്നു. ഹരിദ്വാറിലെ ഗംഗ, കാളി തുടങ്ങിയ നദികള്‍ അപകടനിലയ്ക്ക് മുകളിലാണ് കര കവിഞ്ഞ് ഒഴുകുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യം ഏറ്റെടുക്കും എന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് വേണ്ട എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കുറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.