കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസയില്‍ പട്ടിണി കിടന്ന് മരിച്ചത് അഞ്ചു ഫലസ്തീനികള്‍; മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍

Update: 2025-09-08 08:06 GMT

ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ചു ഫലസ്തീനികള്‍ കൂടി പട്ടിണി കിടന്ന് മരിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 387 ആയി. ഇതില്‍ 138 പേര്‍ കുട്ടികളാണ്. കഴിഞ്ഞ മാസം ഗസ സിറ്റിയില്‍ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) ക്ഷാമം പ്രഖ്യാപിച്ചതിനുശേഷം, ഫലസ്തീന്‍ ആരോഗ്യ അധികൃതര്‍ പട്ടിണി മൂലം ഉണ്ടായ 109 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗസയിലെ ആരോഗ്യ സംവിധാനത്തെ ഇസ്രായേല്‍ തകര്‍ക്കുന്നതും, ജീവിത സാഹചര്യങ്ങള്‍ വഷളാകുന്നതും തുടര്‍ച്ചയായ വംശഹത്യയും കാരണം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.

നിലവില്‍ ഗസയിലേക്ക് സൗജന്യമായി സഹായം എത്തുന്നത് ഇസ്രായേല്‍ തടസ്സപ്പെടുത്തുന്നു. ജൂലൈയില്‍ എത്തിച്ചേര്‍ന്ന ആകെ സഹായം ജനസംഖ്യയുടെ അടിസ്ഥാന ആവശ്യങ്ങളുടെ 15 ശതമാനം ആണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് റിപോര്‍ട്ട് ചെയ്തു. ആവശ്യമുള്ള സാധനങ്ങളൊന്നും ഇനിയും ഗസയില്‍ എത്തിയിട്ടില്ലെന്നും ആളുകളുടെ പട്ടിണി മാറ്റാനാവശ്യമായതെങ്കിലും ചെയ്താലെ മരണസംഖ്യ കുറക്കാനാകൂ എന്നും അധികൃതര്‍ പറഞ്ഞു.

Tags: