യുക്രൈനില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Update: 2025-10-06 10:12 GMT

കീവ്: റഷ്യയുടെ ശക്തമായ ഡ്രോണ്‍ ആക്രമണത്തില്‍ യുക്രൈനില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രിയോടെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ന്നതായും യുക്രൈന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

പോളണ്ടുമായുള്ള അതിര്‍ത്തി പങ്കിടുന്ന ലിവിവ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. തകര്‍ന്ന കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രദേശവാസികളാണ് ഈ വിവരം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ലിവിവ് നഗരത്തിലെ ഒരു പാര്‍ക്ക് പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് നഗരം മുഴുവന്‍ ഇരുട്ടിലായതായും അറിയുന്നു. സ്ഥിതിഗതികള്‍ ഗുരുതരമായതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മേയര്‍ ആന്ദ്രേ സദോവി മുന്നറിയിപ്പ് നല്‍കി.

സമീപകാലത്ത് നടന്നതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് ലിവിവ് ഗവര്‍ണര്‍ മാക്‌സിം കോസിറ്റിസ്‌കി വ്യക്തമാക്കി. 140 ഡ്രോണുകളും 23 മിസൈലുകളും വിന്യസിച്ചാണ് ആക്രമണം നടത്തിയതെന്നും നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗികമായും കത്തിനശിച്ചതായും അദ്ദേഹം പറഞ്ഞു.



Tags: