ശ്മശാനത്തില്‍ നിന്ന് സംസ്‌കാരം നടത്തിയ അഞ്ചു മൃതദേഹങ്ങള്‍ കാണാതായി

Update: 2026-02-16 06:06 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ ഭദ്രക് ജില്ലയിലെ മണിനാഥ്പുര്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ നിന്ന് സംസ്‌കാരം നടത്തിയ അഞ്ചു മൃതദേഹങ്ങള്‍ കാണാതായെന്ന് പരാതി. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ മരിച്ചവരുടെ മൃതദേഹങ്ങളാണ് ശ്മശാനത്തില്‍ നിന്ന് കാണാതായതെന്ന് പോലിസ് വ്യക്തമാക്കി. അതേസമയം, ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതാകുന്നത് ഇതാദ്യമായല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും അന്നത്തെ പരാതികളില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും അവര്‍ ആരോപിച്ചു.

2025ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച രുക്മിണി സമലിന്റെ മൃതദേഹവും സംസ്‌കാരത്തിന് പിന്നാലെ കാണാതായിരുന്നുവെന്നാണ് ആരോപണം. സംസ്‌കാരത്തിന് പത്താം ദിവസം മകന്‍ ശ്മശാനത്തിലെത്തിയപ്പോഴാണ് കുഴിമാടം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും ഏകദേശം 200 മീറ്റര്‍ അകലെയായി അഴുകിയ മൃതദേഹാവശിഷ്ടങ്ങളും വസ്ത്രങ്ങളുടെ കഷണങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ പറഞ്ഞു. അന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

Tags: