മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

Update: 2024-04-01 07:06 GMT

ചിറയിന്‍കീഴ്: ശക്തമായ കടലാക്രമണം തുടരുന്നതിനിടെ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞു. അപകടത്തില്‍ കോസ്റ്റല്‍ പോലിസ് ബോട്ട് ജീവനക്കാരനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന വള്ളം മറിഞ്ഞാണ് ആദ്യ അപകടം. വള്ളം കടലിലേക്ക് ഒഴുകി പോയതോടെ കരയ്‌ക്കെത്തിക്കാനായി പോയ കോസ്റ്റല്‍ പോലിസിന്റെ ബോട്ടും മറ്റൊരു വള്ളവും അപകടത്തില്‍പ്പെട്ടു.

അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് രാവിലെ 6:45 ഓടെ അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം മറിഞ്ഞാണ് ആദ്യ അപകടം ഉണ്ടായത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളെ മറ്റ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജിത്തു (24), അജി (27), അനീഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് പോയ കോസ്റ്റല്‍ പോലിസ് ബോട്ട് അഴിമുഖം കടക്കവേ തിരയില്‍പ്പെട്ടാണ് ബോട്ട് ജീവനക്കാരന്‍ പ്രദീപിന് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തിരികെയെത്തിയ മറ്റൊരു മത്സ്യബന്ധന വള്ളം തിരയില്‍പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന ഔസേപ്പ് കടലിലേക്ക് തെറിച്ചു വിഴുകയും തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. അശാസ്ത്രീയമായ നിർമ്മാണവും അഴിമുഖത്തുണ്ടാകുന്ന ഉയർന്ന തിരമാലകളാണ് അപകടങ്ങൾക്ക് മുഖ്യകാരണം. കഴിഞ്ഞദിവസം വൈകിട്ടും മത്സ്യബന്ധന വള്ളം മറിഞ്ഞിരുന്നു.

Tags: