മല്‍സ്യത്തൊഴിലാളി വളളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2025-09-11 13:35 GMT

വിഴിഞ്ഞം: മീന്‍പിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ വലിയവിളാകം പുരയിടം ടിസി 71/843 ല്‍ വര്‍ഗീസ് റോബര്‍ട്ട്(51) ആണ് മരിച്ചത്. ബുധനാഴ് രാത്രി 9.30- ഓടെയായിരുന്നു സംഭവമെന്ന് ഒപ്പമുളള തൊഴിലാളികള്‍ പറഞ്ഞു. ചെറിയതുറ സ്വദേശി ക്ലമന്റിന്റ സെന്റ് ജോസഫ് എന്ന വളളത്തില്‍ വര്‍ഗീസ്, സഹോദരന്‍ വിന്‍സെന്റ്, ബന്ധുവായ റോബര്‍ട്ട്, കെന്നഡി, ഇഗ്‌നേഷ്യസ് എന്നിവരുമായി വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നായിരുന്നു മീന്‍പിടിത്തത്തിനു പുറപ്പെട്ടത്.

വെട്ടുകാട് ഭാഗത്തെ തീരക്കടല്‍ കഴിഞ്ഞുളള ഭാഗത്ത് വലവീശുന്നതിനിടെ ശാരീരിക ബുദ്ധിമുണ്ടായി വളളത്തില്‍ വര്‍ഗീസ് കുഴഞ്ഞുവീണു. തുടര്‍ന്ന് അതേ വളളത്തില്‍ തന്നെ രാത്രി 10.45- ഓടെ വിഴിഞ്ഞത്ത് എത്തിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോസ്റ്റല്‍ പോലീസ് കേസെടുത്തു.