കാസര്‍കോട്: പെരിയയില്‍ ഓടിക്കൊണ്ടിരുന്ന മീന്‍ലോറി കത്തിനശിച്ചു. പെരിയ കേന്ദ്ര സര്‍വകലാശാലക്ക് സമീപം ദേശീയപാതയിലൂടെ പോവുകയായിരുന്ന ലോറിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
പൊന്നാനിയില്‍നിന്ന് മംഗളൂരുവിലേക്ക് ലോറിയില്‍ മീന്‍കയറ്റി പോവുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ അഗ്നിരക്ഷാസേന ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപ്പോഴേക്കും ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ക്യാബിനിലെ വയറില്‍നിന്ന് ചിതറിയ തീപ്പൊരി ആളിപ്പടരുകയായിരുന്നു. പ്രദേശത്താകെ പുക നിറഞ്ഞത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. കുന്താപുരം സ്വദേശി റഹീസിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തിയത്. തീപിടിത്തമുണ്ടായ ഉടന്‍ ഡ്രൈവര്‍ ലോറി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ശേഷം ചാടി രക്ഷപ്പെടുകയായിരുന്നു.