തമിഴക വെട്രി കഴകം പ്രവര്‍ത്തകര്‍ക്ക് ആദ്യ നിര്‍ദേശവുമായി വിജയ്; രാഷ്ട്രീയ പ്രവേശനം ബിജെപി തിരക്കഥയെന്ന് എഐഎഡിഎംകെ

ഇതിനിടെ, അമേരിക്കയിലുളള കമല്‍ഹാസന്‍ വിജയിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി മക്കള്‍ നീതി മയ്യം വാര്‍ത്താക്കുറിപ്പിറക്കി.

Update: 2024-02-03 09:33 GMT

ചെന്നൈ: രാഷ്ട്രീയപ്രവര്‍ത്തനം മാന്യമായിരിക്കണമെന്ന ആദ്യ നിര്‍ദേശവുമായി നടന്‍ വിജയ്. സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമര്‍ശകരെയോ അധിക്ഷേപിക്കരുതെന്നാണ് തമിഴക വെട്രി കഴകം ഭാരവാഹികള്‍ക്ക് വിജയ് ആദ്യം നല്‍കിയ നിര്‍ദേശം. നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയേക്കും. രണ്ട് മാസത്തിനുള്ളില്‍ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പന്‍ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിനിടെ, നടന്‍ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥയാണെന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തെത്തി. അതേസമയം, മുന്‍നിലപാടുകളുടെ പേരില്‍ വിജയിയെ എതിര്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടാവാതിരിക്കാനുള്ള കരുതലോടെയാണ് ബിജെപി ക്യാംപിന്റെ നീക്കം. എന്നാല്‍, സമീപകാല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി വിജയ് ഭീഷണിയാവില്ലെന്ന പരസ്യനിലപാട് സ്വീകരിക്കുന്നതാവും ഉചിതമെന്ന ആലോചന ഡിഎംകെയിലുമുണ്ട്. ഐക്കണ്‍ നേതാക്കളുടെ അഭാവം എഐഎഡിഎംകെയില്‍ ദൃശ്യമായിരിക്കെ, വിജയിയുടെ വരവ് ബിജെപി ക്വോട്ടയിലെന്ന ആക്ഷേപം ഉയര്‍ത്തുകയാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി. ലോക്‌സഭയിലേക്ക് തല്‍ക്കാലം മല്‍സരിക്കില്ലെന്ന വിജയിയുടെ പ്രസ്താവനയോടെ കള്ളി വെളിച്ചത്തായെന്നാണ് എഐഎഡിംകെ വക്താവ് കൊവൈ സത്യന്‍ ആരോപിച്ചത്. ബിജെപി ഏറെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും രജനീകാന്ത് ഒടുവില്‍ രക്ഷപ്പെട്ടെന്നും ഇപ്പോള്‍ വിജയിയെ പരീക്ഷിക്കുകയാണെന്നും കൊവൈ സത്യന്‍ ആരോപിച്ചു. ഇതിനിടെ, അമേരിക്കയിലുളള കമല്‍ഹാസന്‍ വിജയിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി മക്കള്‍ നീതി മയ്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News